ഡൽഹി : രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് വ്യക്തമാക്കി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് മോദി.
നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും.നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. ജി എസ് ടി ഇളവ് എല്ലാം മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യും. വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതൽ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യ വർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുക.
മധ്യവർഗ്ഗത്തിനും യുവാക്കൾക്കും ഗുണം ലഭിക്കും.ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെ ഡസൻ കണക്കിന് ടാക്സുകൾ രാജ്യത്ത് ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കമ്പനികളെ ടാക്സുകൾ ബാധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് സാധനങ്ങൾ കയറ്റി അയക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആ അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ജിഎസ്ടി ഇതിനെല്ലാം പ്രതിവിധിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വദേശി മന്ത്രം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ശക്തി നൽകി. സ്വദേശി ഉപഭോഗം നമ്മുടെ അഭിവൃദ്ധിക്കായുള്ള മുന്നേറ്റത്തെയും ശക്തിപ്പെടുത്തും. ഐ-ടി ഇളവ് പരിധി ഉയർത്തൽ, ജിഎസ്ടി പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.