അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾക്കുള്ള പ്രതിഫലം അവർക്ക് നൽകാൻ ഏതൊരു മക്കളും ഇഷ്ടപ്പെടാറുണ്ട്. അത് നല്ലൊരു ജോലി കണ്ടെത്തിയിട്ടാകാം, വീടോ വാഹനങ്ങളോ ഒക്കെ വാങ്ങിയിട്ടുമാകാം. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവർന്നിരിക്കുന്നത്. വാടകവീട് എന്നു പറഞ്ഞ് മകൻ പരിചയപ്പെടുത്തിയത് അവൻ കാശ് കൊടുത്ത് സ്വന്തമാക്കിയ വീടാണ് എന്ന് കാണുമ്പോഴുള്ള ഒരു അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. (Parents)
ജെയിൻ എന്ന യുവാവാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'അവരുടെ സന്തോഷമാണ് എല്ലാം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നും കാണാം. മാതാപിതാക്കൾക്ക് ജെയിൻ ചില പേപ്പറുകളും ഒരു നെയിംപ്ലേറ്റും നൽകുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. അപ്പോഴെല്ലാം അവർ കരുതുന്നത് ആ വീട് മകൻ തങ്ങൾക്കായി വാടകയ്ക്ക് എടുത്തതാണ് എന്നാണ്. എന്നാൽ, തുടർന്ന് യുവാവ് ആ വീട് താൻ മാതാപിതാക്കൾക്കായി വാങ്ങിയതാണെന്ന് വെളിപ്പെടുത്തുന്നു. ആധാരത്തിലെയും നെയിംപ്ലേറ്റിലെയും പേരുകൾ അവരുടേതാണ് എന്നും ജെയിൻ പറയുന്നുണ്ട്.
മാതാപിതാക്കൾക്ക് അത് വിശ്വസിക്കാനാവുന്നില്ല. അവർ അമ്പരപ്പോടെ യുവാവിനെ നോക്കുന്നത് കാണാം. മകൻ തങ്ങൾക്കായി വീട് വാങ്ങിയതാണ് എന്ന് മനസിലായതോടെ അച്ഛൻ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങുന്നതും ഉമ്മ വയ്ക്കുന്നതും കാണാം. അമ്മയും അവനെ കെട്ടിപ്പിടിക്കുന്നുണ്ട്. ജെയിൻ സന്തോഷം കൊണ്ട് ഡാൻസ് ചെയ്യുന്നത് പോലെ കാണിക്കുന്നതും കാണാം. എട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്ത് കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും കമന്റുകൾ നൽകിയിരിക്കുന്നതും. ആ അച്ഛനും അമ്മയ്ക്കും ഇത് അഭിമാന നിമിഷമാണ് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.