

അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ പുണ്യസ്ഥലമായ ശത്രുഞ്ജി ഗിരിരാജ് മലയുടെ മുകളിൽ സിംഹം ഇറങ്ങിയത് ഭക്തർക്കിടയിൽ പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെയാണ് ജൈനമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രത്തിൽ സിംഹത്തെ കണ്ടത്.
അവധി ദിവസമായതിനാൽ ധാരാളം ഭക്തർ പർവതം കയറാനുണ്ടായിരുന്നതിനിടെയാണ് സംഭവം.സിംഹത്തെ കണ്ട ഭക്തർ ഭയന്ന് ഓടി. എന്നാൽ, സിംഹം ജനങ്ങളില്ലാത്ത സ്ഥലത്തേക്ക് മാറിയതോടെയാണ് ആളുകൾ യാത്ര തുടർന്നത്. തിക്കും തിരക്കും ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല.
ശത്രുഞ്ജി ഡുംഗറിൻ്റെ ചരിവിലൂടെ സിംഹം ശാന്തമായി നടന്നുപോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വിവരം ലഭിച്ച ഉടൻതന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. തീർത്ഥാടകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി ട്രെക്കർമാരെയും വനംവകുപ്പ് ജീവനക്കാരെയും വിന്യസിച്ചതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻചാർജ് ഭായ് സോളങ്കി അറിയിച്ചു.
ജൈനമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശത്രുഞ്ജി മലയെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കൂട്ടിച്ചേർത്തു.