

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും മറ്റ് നിരവധി നിർണായക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന നിങ്ങളുടെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ), സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (CBDT) നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിഷ്ക്രിയമാകാൻ സാധ്യതയുണ്ട്. എല്ലാ പാൻ കാർഡ് ഉടമകളും 2025 ഡിസംബർ 31-നകം അവരുടെ പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ സമയപരിധി പാലിച്ചില്ലെങ്കിൽ, 2026 ജനുവരി 1 മുതൽ പാൻ കാർഡ് നിഷ്ക്രിയമാകും.
പാൻ നിർജ്ജീവമാക്കിയാൽ എന്ത് സംഭവിക്കും?
പാൻ കാർഡ് നിഷ്‌ക്രിയമായാൽ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക:
നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാക്കിയാൽ, നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ തുറക്കാനോ 50,000 രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ സ്ഥിര നിക്ഷേപമോ നടത്താനോ കഴിയില്ല.
പാൻ ഇല്ലാതെ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിനാൽ, നിങ്ങൾക്ക് ഓഹരി വിപണിയിൽ നിക്ഷേപം നടത്താനോ എസ്‌ഐപി സ്കീമുകൾ തുറക്കാനോ കഴിയില്ല.
പൗരന്മാരുടെ സാമ്പത്തിക ക്ഷേമവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ല.
സജീവമായ പാൻ ഇല്ലാത്തതിന്റെ മറ്റൊരു പോരായ്മ, ബാങ്കുകളിൽ നിന്നും സമാനമായ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്നതാണ്.
നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാക്കിയാൽ നിങ്ങൾക്ക് വീടോ വാഹനമോ വാങ്ങാനോ വിൽക്കാനോ കഴിയില്ല.
സജീവമായ പാൻ കാർഡ് നൽകിയില്ലെങ്കിൽ 50,000 രൂപയ്ക്ക് മുകളിലുള്ള വിദേശ കറൻസി ഇടപാടുകൾ സാധ്യമാകില്ല.
ബിസിനസ്സ് നടത്തുന്നതിനും പാൻ നിർബന്ധമാണ്.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?
താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങളുടെ പാൻ ആധാറുമായി വളരെ എളുപ്പത്തിൽ ലിങ്ക് ചെയ്യാൻ കഴിയും:
ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ https://www.incometax.gov.in/iec/foportal സന്ദർശിക്കക.
ഇടതുവശത്തുള്ള പാനലിലെ 'ലിങ്ക് ആധാർ' ടാബിൾ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'വാലിഡേറ്റ്' (Validate) ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാറും പാനും ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അത് കാണിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം കാണിക്കും. അല്ലെങ്കിൽ, അത് നിങ്ങളുടെ മൊബൈൽ നമ്പർ ആവശ്യപ്പെടും, അവിടെ ഒരു OTP അയയ്ക്കും.
ഇതോടെ നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും.
എന്താണ് CBDT?
സിബിഡിടി, അഥവാ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്, ഇന്ത്യയിലെ പ്രത്യക്ഷ നികുതികളുടെ നയരൂപീകരണത്തിനും ആസൂത്രണത്തിനും ഇൻപുട്ടുകൾ നൽകുന്നതിനും ആദായ നികുതി വകുപ്പ് വഴി പ്രത്യക്ഷ നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട ഒരു നിയമപരമായ സ്ഥാപനമാണ്.
സിബിഡിടിയും ആദായനികുതി വകുപ്പും തമ്മിലുള്ള വ്യത്യാസം എന്താണ്?
ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലാണ് സിബിഡിടി പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ നേരിട്ടുള്ള നികുതികൾക്കായുള്ള നയരൂപീകരണ ചട്ടക്കൂട് സിബിഡിടിയുടെ ഇൻപുട്ടുകൾ ഉപയോഗിച്ചാണ് രൂപപ്പെടുത്തുന്നത്. ആദായനികുതി വകുപ്പിനെ നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും സിബിഡിടിയാണ്. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഐടി വകുപ്പ് ഉറപ്പാക്കുന്നു.
സിബിഡിടി 2025 ഏപ്രിലിൽ 26/2025 എന്ന നോട്ടിഫിക്കേഷൻ വഴിയാണ് ഈ നിർദ്ദേശം നൽകിയത്. ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സിബിഡിടിയുടെ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.