ന്യൂഡൽഹി: വിവാഹബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുന്നതിന് തടയിടാൻ, അദ്ദേഹത്തെ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് പാക് യുവതി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. നികിത എന്ന യുവതിയാണ് ഭർത്താവ് വിക്രം കുമാർ നാഗ്ദേവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ റിട്ട് ഹർജി ഫയൽ ചെയ്തത്.(Pakistani woman moves Madhya Pradesh High Court seeking deportation of husband)
ഭർത്താവ് വിക്രം കുമാർ നാഗ്ദേവ് തന്നെ വിവാഹമോചനം ചെയ്യാതെ, 2026 മാർച്ചിൽ നിയമവിരുദ്ധമായി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് യുവതി ആരോപിക്കുന്നു. ഇരുവരും 2020 ജനുവരി 26 ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വച്ചാണ് വിവാഹിതരായത്. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനാണ് സാധ്യത.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ പാകിസ്ഥാനിൽ ഉപേക്ഷിച്ച ശേഷം ഭർത്താവ് രഹസ്യമായി ഡൽഹിയിൽ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത രംഗത്തെത്തിയിരുന്നു. തനിക്ക് നീതി ലഭിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നികിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.