പുണെ: ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്താന്റെ സൈനിക സംവിധാനത്തിലെ ബലഹീനതകൾ തുറന്നുകാട്ടിയെന്നും, ഇതിനെത്തുടർന്ന് രാജ്യം വലിയ തോതിലുള്ള ഭരണഘടനാ ഭേദഗതികൾക്കും സൈനിക പുനഃക്രമീകരണത്തിനും നിർബന്ധിതരായെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. സംഘർഷ സമയത്ത് പാകിസ്താന്റെ കമാൻഡ് ആൻഡ് കൺട്രോൾ ഘടനയിൽ പ്രകടമായ പാളിച്ചകളാണ് പുതിയ മാറ്റങ്ങളിലേക്ക് അവരെ നയിച്ചത്.(Pakistan was forced to change their military structure, General Anil Chauhan on Operation Sindoor)
ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ പദവി ഒഴിവാക്കി 'ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ്' എന്ന പുതിയ സ്ഥാനം പാകിസ്താൻ ഏർപ്പെടുത്തി. നാഷണൽ സ്ട്രാറ്റജി കമാൻഡ്, ആർമി റോക്കറ്റ് ഫോഴ്‌സസ് കമാൻഡ് തുടങ്ങിയ പുതിയ സംവിധാനങ്ങൾ രൂപീകരിച്ചു.
സൈനിക അധികാരം ഒരു വ്യക്തിയിൽ അസാധാരണമായി കേന്ദ്രീകരിക്കുന്നത് പാകിസ്താന് ഭാവിയിൽ ആന്തരിക വെല്ലുവിളികൾ ഉയർത്താമെന്ന് ജനറൽ ചൗഹാൻ മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ സംയുക്ത സൈനിക നീക്കങ്ങൾക്കായി ജോയിന്റ് തിയേറ്റർ കമാൻഡുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി. നിശ്ചിത സമയത്തിന് മുൻപേ ഇത് പ്രവർത്തനക്ഷമമാകും.
പണ്ട് ഭൂമിശാസ്ത്രപരമായ ഘടകങ്ങളായിരുന്നു യുദ്ധഗതി നിർണ്ണയിച്ചിരുന്നതെങ്കിൽ ഇന്ന് സാങ്കേതികവിദ്യയാണ് യുദ്ധം നിയന്ത്രിക്കുന്നത്. ഭാവിയിലെ സംഘർഷങ്ങൾ സമ്പർക്കരഹിതവും ഡിജിറ്റലുമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സൈന്യം കൂടുതൽ ഏകീകൃതവും സാങ്കേതികമായി കരുത്തുറ്റതുമായ ഒരു സംവിധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി