ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയിലെ ചില ഭീകരസംഘടനകളാണെന്ന് വരുത്തിത്തീർക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുൻ സ്പെഷൽ ഡയറക്ടർ അശോക് പ്രസാദ് വെളിപ്പെടുത്തി. ഭീകരസംഘടനയിലെ അജ്മൽ കസബ് പിടിയിലായതുകൊണ്ടു മാത്രമാണ് യഥാർഥ ഗൂഢാലോചന പുറത്തുവന്നതെന്നും പിന്നിൽ പാക്കിസ്ഥാനാണെന്നു തെളിയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യൻ മുജാഹിദീനാണ് ആക്രമണം നടത്തിയതെന്നു വരുത്താനായിരുന്നു ശ്രമം. 10 ഭീകരർക്കും ഇന്ത്യൻ തിരിച്ചറിയൽ കാർഡുണ്ടായിരുന്നു. അവർക്കു പാക്കിസ്ഥാനിൽ കടുത്ത പരിശീലനം നൽകി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ഭീകരരുമായുള്ള ആശയവിനിമയം നടന്നതു യുഎസിലെ ന്യൂജഴ്സി വഴിയായിരുന്നു. സ്പെയിനും ഇറ്റലിയും കേന്ദ്രീകരിച്ചാണ് ആക്രമണപദ്ധതി ഏകോപിപ്പിച്ചതും പണമിടപാടുകൾ നടത്തിയതും. ഇന്ത്യ നിക്ഷേപകർക്കും വിദേശികൾക്കും സുരക്ഷിതമല്ലെന്നു വരുത്തുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം." – അശോക് പ്രസാദ് പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതികളിലൊരാളായ തഹാവൂർ റാണയെ യുഎസിൽനിന്ന് ഈ മാസം 11ന് ഇന്ത്യയിലെത്തിച്ച്, എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.