
ശ്രീനഗർ: ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ രാത്രിക്കു സമാനമായി ഇന്നു രാത്രിയിലും പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആക്രമണം നടത്തി. : ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്ക് പാക്കിസ്ഥാൻ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചതായാണ് റിപ്പോർട്ട്. ഡ്രോൺ ആക്രമണങ്ങളെല്ലാം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ടുണ്ട്.
ജമ്മു, സാംബ, പഞ്ചാബിലെ അമൃത്സർ, ഫിറോസ്പുർ, പത്താൻകോട്ട് എന്നിവിടങ്ങളിലാണ് ഡ്രോൺ എത്തിയത്. ഏഴിടങ്ങളിലാണ് പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. ജയ്സാൽമിറിലും, ഗുജറാത്തിലെ കച്ചിലും ഡ്രോണുകൾ പറന്നതായും റിപ്പോർട്ടുകൾ വരുന്നു. കച്ചിൽ 11 ഡ്രോണുകൾ പറന്നതായും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണ രേഖയിൽ എല്ലായിടങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തുന്നുണ്ട്. പൂഞ്ച്, ഉറി, കുപ്‍വാര എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുകൾ വരുന്നു. ഇതിനെതിരെയും സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയും തുടരുന്നു. അമൃത്സറിൽ കനത്ത വെടിവെപ്പുള്ളതായും റിപ്പോർട്ടുണ്ട്.