

യാത്ര പോകുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് വൃത്തിയുള്ളതും ചെലവ് കുറഞ്ഞതുമായ ഹോട്ടൽ മുറി തിരഞ്ഞെടുക്കുക എന്നത്. എന്നാൽ നിങ്ങൾ പാകിസ്താനിലെ പെഷവാറിലേക്കാണ് പോകുന്നതെങ്കിൽ ഹോട്ടൽ ചിലവിന്റെ കാര്യത്തിൽ പേടിക്കണ്ട. ഒരു ചായയുടെ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ഹോട്ടൽ മുറി സ്വന്തമാക്കാൻ കഴിയും. പെഷവാറിലുള്ള ഒരു ഹോട്ടലില്‍ ഒരു ദിവസം തങ്ങാന്‍ ഇന്ത്യയിലെ 20 രൂപ മതി. 20 ഇന്ത്യൻ രൂപയുടെ പാകിസ്താനിലെ മൂല്യം എഴുപത് പാകിസ്താനി രൂപയാണ്. (Pakistan Hotel Room)
പാകിസ്താനിലെ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലിന്റെ വിവരം സാമൂഹിക മാധ്യമങ്ങളിൽ വൈറലാക്കുന്നത് ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറായ ഡേവിഡ് സിംസണ്ണാണ്. തന്റെ ഹോട്ടൽ അനുഭവം പങ്ക് വൈകുന്ന വീഡിയോയിൽ താൻ അഞ്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചെങ്കിലും ഇവിടെയാണ് കൂടുതല്‍ സ്വസ്ഥത അനുഭവപ്പെട്ടതെന്ന് പറയുന്നു. സില്‍ക്ക് റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന വ്യാപാരികള്‍ താമസിച്ചിരുന്ന സത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന കാരവന്‍സേരായിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ട്വിസ്റ്റ് കൂടിയുണ്ട്.
നമ്മൾ സാധാരണ കാണുന്ന ഹോട്ടലുകൾ പോലെയല്ല ഈ ഹോട്ടൽ. കാരണം, ഹോട്ടലിൽ റൂമുകളില്ല, എസിയില്ല, മറ്റ് അലങ്കാരങ്ങളൊന്നുമില്ല. അതിഥികള്‍ക്ക് കിടന്നുറങ്ങാന്‍ പാരമ്പര്യ രീതിയിലുള്ള ചെറിയ കട്ടിലുകളുണ്ട്. അതും ഒരു കെട്ടിടത്തിന് മുകളില്‍. മേലോട്ടു നോക്കിയാല്‍ ആകാശവും കാണാം. ഈ ഓപ്പണ്‍ എയര്‍ സെറ്റപ്പില്‍ കഴിയാന്‍ 70 പാകിസ്താനി രൂപയാണ് ആകെ ചിലവ്. വൃത്തിയുള്ള വിരിപ്പ്, ഫാന്‍, എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള ബാത്ത്‌റൂം, നല്ല ചായ ഇതിനൊക്കെ പുറമേ ഹോട്ടലിന്റെ ഉടമയുടെ സ്‌നേഹവും മര്യാദയും നിറഞ്ഞ പെരുമാറ്റത്തെ കുറിച്ചും ഡേവിഡ് വിശദീകരിക്കുന്നു.
എന്നാൽ ഈ ഹോട്ടലിനെ കുറിച്ചുള്ള ഡേവിഡിന്റെ അനുഭവം കേട്ടിട്ട് പുകഴ്ത്തുന്നവർ മാത്രമല്ല കമ്മന്റുകളിലുള്ളത്, ഇതിനെ വിമർശിക്കുന്നവരും കളിയാക്കുന്നവരുമുണ്ട്. മേല്‍കൂരയില്ലാത്ത കൊതുകുകളുടെ വിളനിലമായ ഇടമാണോ ഇത്രയും മികച്ചതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മറുവശത്ത് മറ്റുചിലർ ദയയാണ് മറ്റെന്ത് ആഢംബരത്തെക്കാളും ആവശ്യമെന്നും പറയുന്നു.