
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ (Operation Sindoor) ഇന്ത്യ തകർത്ത ഭീകര ക്യാമ്പുകൾ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾ പാക്കിസ്ഥാൻ സർക്കാർ ആരംഭിച്ചതായി റിപ്പോർട്ടുകൾ. പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാക് തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയിരുന്നു. പാക് അധീന കശ്മീരിലെ 9 തീവ്രവാദ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ച് നശിപ്പിക്കുകയും, നൂറിലധികം തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു. വിമാന റാഞ്ചൽ, പുൽവാമ ബോംബ് ആക്രമണം തുടങ്ങിയ ഭീകര സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്മാരായ യൂസഫ് അസ്ഹർ, അബ്ദുൾ റൗഫ്, മുദാസിർ അഹമ്മദ് എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ ഡ്രോൺ ആക്രമണം നടത്തി. ഇന്ത്യൻ സൈന്യം ഇത് വിജയകരമായി ചെറുത്തു. ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലേക്ക് കടന്നുകയറി രാജ്യത്തെ വ്യോമസേനാ താവളങ്ങൾ തകർത്തു. ഭീകര ക്യാമ്പുകൾ ഒഴികെ മറ്റൊരു പാക് സർക്കാർ ഘടനയെയും ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. മാത്രമല്ല, ഈ ഓപ്പറേഷനിൽ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത ഭീകര ക്യാമ്പുകളുടെ ഉപഗ്രഹ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു.
ഇതിനു പിന്നാലെ, പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകുകയും തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയിരുന്നു.
ഇപ്പോൾ , പാക് അധിനിവേശ കശ്മീരിൽ നശിപ്പിക്കപ്പെട്ട ഭീകരരുടെ പരിശീലന ക്യാമ്പുകളും ആയുധ വിക്ഷേപണ പാഡുകളും പാക് സർക്കാർ പുനർനിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ലോക രാജ്യങ്ങളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ സൈന്യവും രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.