
ഡൽഹി ; സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്താൻ അഭ്യർത്ഥിക്കുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി റിപ്പോർട്ടുകൾ. കരാര്‍ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പാകിസ്താന്‍ ജലവിഭവ മന്ത്രാലയം അറിയിച്ചു.
പഹല്‍ഗാമിലുണ്ടായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്.
പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും.