അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാമത് ജന്മവാർഷിക ദിനത്തിൽ, രാജ്യത്തിന്റെ വർധിച്ചുവരുന്ന സൈനിക ശക്തിയും സുരക്ഷാ പ്രതിരോധ ശേഷിയും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Pakistan and those who foster terrorism know India's strength, PM Modi)
"ശത്രുക്കൾക്കുള്ള ഇന്ത്യയുടെ മറുപടി ഇപ്പോൾ നിർണ്ണായകവും ശക്തവുമാണെന്ന് ലോകത്തിന് ദൃശ്യമായ കാര്യമാണ്," അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു ഉദാഹരണമായി പ്രധാനമന്ത്രി 'ഓപ്പറേഷൻ സിന്ദൂർ' പരാമർശിച്ചു. "ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയർത്താൻ ധൈര്യപ്പെട്ടാൽ, ഇന്ത്യ ആ മണ്ണിൽ കയറി തിരിച്ചടിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് പാകിസ്ഥാനും തീവ്രവാദം വളർത്തുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഏകതാ ദിവസ് വേദി പ്രധാനമന്ത്രി കോൺഗ്രസിനെ ആക്രമിക്കാനും ഉപയോഗിച്ചു.
പട്ടേലിന്റെ കാഴ്ചപ്പാടുകൾ കോൺഗ്രസ് മറന്നുകളഞ്ഞതായി അദ്ദേഹം ആരോപിച്ചു. പട്ടേലിന്റെ ആദർശങ്ങളാണ് നക്സലിസം, നുഴഞ്ഞുകയറ്റം തുടങ്ങിയ ആഭ്യന്തര വെല്ലുവിളികളോടും ബാഹ്യ ഭീഷണികളോടുമുള്ള സർക്കാരിൻ്റെ സമീപനത്തെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2014-ന് മുമ്പ്, നക്സലൈറ്റുകൾ രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ സ്വന്തം ഭരണം നടത്തിയിരുന്നു. സ്കൂളുകളും കോളേജുകളും ആശുപത്രികളും തകർത്തു, ഭരണകൂടം നിസ്സഹായമായി നോക്കി നിന്നു."ഞങ്ങൾ അർബൻ നക്സലുകൾക്കെതിരെ ശക്തമായി പ്രവർത്തിച്ചു. അതിന്റെ ഫലമായി, മുമ്പ് നക്സൽ ബാധിതമായിരുന്ന 125 ജില്ലകളിൽ നിന്ന് ഇപ്പോൾ 11 എണ്ണം മാത്രമാണ് ശേഷിക്കുന്നത്, നക്സൽ ആധിപത്യം മൂന്ന് ജില്ലകളിൽ ഒതുങ്ങി." നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ ഐക്യത്തിന് കടുത്ത ഭീഷണിയാണെന്ന് മോദി മുന്നറിയിപ്പ് നൽകി.
"വോട്ട് ബാങ്കിന് വേണ്ടി മുൻ സർക്കാരുകൾ രാജ്യസുരക്ഷ അപകടത്തിലാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലായാൽ, ഓരോ പൗരനും അപകടത്തിലാണ് എന്ന് ഓർക്കണം." ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ഓരോ നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യാൻ നാം ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസംഗത്തിന് മുൻപ് പ്രധാനമന്ത്രി സർദാർ പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സദസ്സിന് ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഏകീകരിക്കുന്നതിൽ പട്ടേൽ വഹിച്ച പങ്ക് അനുസ്മരിച്ച് 2014 മുതൽ ഒക്ടോബർ 31 ദേശീയ ഐക്യ ദിനമായി ആചരിച്ചുവരുന്നു.