

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻ.ഐ.എ. കോടതിയിലാണ് ഏഴു മാസത്തെ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. ഭീകരാക്രമണത്തിൽ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (ടി.ആർ.എഫ്.), ലഷ്‌കറെ ത്വയ്ബ എന്നീ സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാജിദ് ജാട്ടാണ് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. 350 പ്രദേശവാസികളെയുൾപ്പെടെ രണ്ടായിരത്തോളം പേരെ എൻ.ഐ.എ. ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ പർവേസ് അഹമദും ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻ.ഐ.എ. വ്യക്തമാക്കി.
'ഓപ്പറേഷൻ മഹാദേവിൽ' വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ വരും ദിവസങ്ങളിൽ എൻ.ഐ.എ. കോടതിയിൽ ആരംഭിക്കും.