
ശ്രീനഗർ: പഹൽഗാം ഭീകരക്രമണം നടത്തിയ ഭീകരർ ഓൺലൈനായി ചാർജറുകൾ വാങ്ങിയാതായി റിപ്പോർട്ട്(Pahalgam attack). ഹാൻഡ്‌ലർമാരുമാരുമായി ആശയവിനിമയം നിലനിർത്തുന്നതിനായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് ഭീകരർ മൊബൈൽ ഫോൺ ചാർജറുകൾ വാങ്ങിയതെന്ന് കണ്ടെത്തി.
ജമ്മു കശ്മീർ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാച്ചിഗാം വനങ്ങളിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ 3 മൊബൈൽ ഫോൺ ചാർജറുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ഈ ചാർജറുകളിലൊന്ന് വിവോ ടി 2 എക്സ് 5 ജി ഹാൻഡ്‌സെറ്റിനൊപ്പം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
വിവോയും പ്രമുഖ ഓൺലൈൻ പ്ലാറ്റ് ഫോമിലും നടത്തിയ പരിശോധനയിൽ ഇഖ്ബാൽ കമ്പ്യൂട്ടേഴ്‌സിലെ മുസൈബ് അഹമ്മദ് ചോപ്പനാണ് ചാർജറുകൾ വാങ്ങിയതെന്ന് കണ്ടെത്തി. ഈ ചാർജറുകൾ മുഹമ്മദ് യൂസഫ് കതാരിക്ക് വിൽക്കുകയായിരുന്നു. ഭീകരർക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകിയതിന് മുഹമ്മദ് യൂസഫ് കതാരിയെ ഇന്നലെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തു.