

റായ്പൂർ: ഛത്തീസ്ഗഢ് സർക്കാർ അനധികൃത നെല്ല് കടത്തൽ കർശനമായി നിരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വ്യത്യസ്ത കേസുകളിലായി 19,000 ക്വിന്റലിലധികം നെല്ല് പിടിച്ചെടുത്തു.നവംബർ 15 ന് കർഷകരിൽ നിന്ന് മിനിമം താങ്ങു വിലയ്ക്ക് നെല്ല് സംഭരണം ആരംഭിച്ചു. ഇതിന് മുന്നോടിയായി കർശനമായ നിരീക്ഷണം നടന്നുവരികയായിരുന്നു. (Paddy)
നവംബർ 1 നും 16 നും ഇടയിൽ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തിയ 19,320 ക്വിന്റൽ നെല്ല് പിടിച്ചെടുത്തതായി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നെല്ലിന്റെ വരവ് തടയുന്നതിനായി, ഛത്തീസ്ഗഢ് സ്റ്റേറ്റ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അതിർത്തി ജില്ലകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, മാർക്ക്ഫെഡിന്റെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും സംഭരണ പ്രക്രിയയുടെ തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.