ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിയനിൽ 'ഇന്ത്യയുടെ പാകിസ്താൻ നയങ്ങൾ രാഷ്ട്രീയ തന്ത്രമാണ്' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഇന്ത്യൻ പക്ഷത്തെ ശക്തമായി നയിച്ച് വീരാംശ് ഭാനുശാലി. പാകിസ്താൻ ഉയർത്തിയ ആരോപണങ്ങളെ ചരിത്രപരമായ തെളിവുകളും വ്യക്തിപരമായ അനുഭവങ്ങളും മുൻനിർത്തിയാണ് വീരാംശ് നേരിട്ടത്.(Oxford Union debate, Indian law student demolishes Pakistan)
ഇന്ത്യയുടെ സുരക്ഷാനയങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന വാദത്തെ വീരാംശ് ഖണ്ഡിച്ചു. 1993-ലെ മുംബൈ സ്ഫോടനങ്ങൾ നടന്നത് തിരഞ്ഞെടുപ്പിന് മൂന്ന് വർഷം മുൻപായിരുന്നു. അത് വോട്ട് ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ഐഎസ്ഐ ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകർക്കാൻ നടത്തിയ യുദ്ധമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻകാലങ്ങളിൽ ഇന്ത്യ സ്വീകരിച്ചിരുന്ന 'തന്ത്രപരമായ നിയന്ത്രണം' സമാധാനം കൊണ്ടുവന്നില്ലെന്നും അത് പഠാൻകോട്ട്, ഉറി, പുൽവാമ ആക്രമണങ്ങൾക്കാണ് വഴിതുറന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ' എന്ന ആരോപണങ്ങളെ ടൈംലൈൻ നിരത്തി അദ്ദേഹം ഭേദിച്ചു. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരർക്കെതിരെ നടത്തിയ പ്രൊഫഷണൽ നടപടിയായിരുന്നു അതെന്ന് അദ്ദേഹം സമർത്ഥിച്ചു.
"സ്വന്തം ജനതയ്ക്ക് അപ്പം നൽകാൻ കഴിയാത്ത പാകിസ്താൻ ഭരണകൂടം ജനങ്ങളെ വിഡ്ഢികളാക്കാൻ സർക്കസ് കാണിക്കുകയാണ്," എന്ന് വീരാംശ് പരിഹസിച്ചു. ഭീകരതയെ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നത് പാകിസ്താൻ നിർത്തുന്നതുവരെ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യയിലെയും പാകിസ്താനിലെയും യുവാക്കൾ യുദ്ധത്തെക്കുറിച്ചല്ല, മറിച്ച് ആരുടെ ബിരിയാണിയാണ് മികച്ചത് എന്നതിനെക്കുറിച്ച് സംവദിക്കുന്ന കാലം വരുമെന്ന് താൻ പ്രത്യാശിക്കുന്നതായും വീരാംശ് പറഞ്ഞു. എന്നാൽ ആ ദിനം വരണമെങ്കിൽ സുരക്ഷാനയങ്ങൾ യാഥാർത്ഥ്യത്തിൽ ഊന്നിയതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.