
ഗുജറാത്ത്: ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് പ്രശ്നങ്ങളെച്ചൊല്ലി രാജ്യവ്യാപകമായി പരാതികൾ ഉയരുന്നതിനിടെ, ഗുജറാത്തിലെ പലൻപൂരിലുള്ള ഓല ഷോറൂമിന് പുറത്ത് വെച്ച് ഒരു യുവാവ് തൻ്റെ സ്കൂട്ടർ കത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റിയറിംഗും വീലും തമ്മിലുള്ള തകരാർ പരിഹരിക്കാൻ കമ്പനി ജീവനക്കാർ തയ്യാറാകാതിരുന്നതാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവം: ഷോറൂമിന് മുന്നിൽ സ്കൂട്ടറിന് തീയിട്ടു
ഗുജറാത്തിലെ പലൻപൂർ ഭാഗത്ത് കൂടി ഭാര്യയുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് സ്കൂട്ടറിന് തകരാർ സംഭവിച്ചതെന്ന് യുവാവ് പറയുന്നു.തകരാർ സംഭവിച്ചതിന് പിന്നാലെ അദ്ദേഹം വാഹനം കമ്പനിയുടെ ഷോറൂമിലെത്തിച്ച് പരാതിപ്പെട്ടു.പലതവണ പരാതിപ്പെട്ടിട്ടും കമ്പനി സ്റ്റാഫ് അദ്ദേഹത്തെ ശ്രദ്ധിക്കാൻ തയ്യാറായില്ല.ഇതിൽ ദേഷ്യം വന്ന ഉപഭോക്താവ് ഷോറൂമിന് മുന്നിലിട്ട് മണ്ണെണ്ണ ഒഴിച്ച് വാഹനത്തിന് തീ കൊളുത്തുകയായിരുന്നു.പെട്ടെന്ന് ഷോറൂമിന് മുന്നിൽ വാഹനം കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
ഉപഭോക്താക്കളുടെ പരാതികൾ
തെലുങ്കു സ്‌ക്രൈബ് എന്ന എക്‌സ് (X) അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഏകദേശം എട്ടര ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടത്.ഓല സർവീസ് സെന്ററുകളുടെ നിലവാരമില്ലായ്മയെക്കുറിച്ചും കമ്പനിയുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. ഇത് ആദ്യത്തെ സംഭവമല്ലെന്നും രാജ്യത്തിൻ്റെ
നാനാഭാഗത്തുനിന്നുള്ള ഉപഭോക്താക്കൾ പരാതിപ്പെടുന്നു.തകരാറുള്ള സ്കൂട്ടറുമായി ഷോറൂമിലെത്തിയാൽ ഒരാൾ പോലും പരാതി കേൾക്കാൻ തയ്യാറാകുന്നില്ല എന്നുമുള്ളതാണ് പ്രധാന ആരോപണങ്ങൾ.