
ബീഹാർ : ബീഹാറിലെ ദർഭംഗ ജില്ലയിലെ ബിരൗൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഷുൺപൂർ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രി ഒരു ഓർക്കസ്ട്ര നർത്തകി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. യുപിയിലെ ഗോരഖ്പൂരിൽ താമസിക്കുന്ന 20 വയസ്സുള്ള നർത്തകി ഖുഷി കുമാരി ആണ് അക്രമത്തിന് ഇരയായത്. ഒരു നൃത്ത പരിപാടിയിൽ നിന്ന് ടെമ്പോയിൽ മടങ്ങുകയായിരുന്ന ഖുഷിയെ വഴിയിൽ വച്ച് ഒരു സംഘം യുവാക്കൾ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുവതിയെ ബലമായി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. സ്വയരക്ഷയ്ക്കായി ഖുഷി കത്തി ഉപയോഗിച്ച് തിരിച്ചടിക്കുകയും മൂന്ന് യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം, പരിക്കേറ്റ എല്ലാവരെയും ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ഡിഎംസിഎച്ച്) പ്രവേശിപ്പിച്ചു, സംഭവം നടന്ന സ്ഥലത്തിന് സമീപത്തു ഉള്ള ശിവം മിശ്ര (19), സത്യം മിശ്ര (18), ശിവം സിംഗ് (20) എന്നിവർക്കാണ് കുത്തേറ്റത്.
രണ്ട് ദിവസം മുമ്പ് ഒരു പാർട്ടിയിൽ വെച്ച് ചില യുവാക്കൾ ഖുഷിയെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ചപ്പോൾ അവൾ എതിർത്തു എന്നാണ് റിപ്പോർട്ടുകൾ. ഇതേ വൈരാഗ്യം മൂലമാണ് ആക്രമിക്കപ്പെട്ടതെന്ന് സംശയിക്കുന്നു. നിലവിൽ ഓർക്കസ്ട്ര ഡയറക്ടർ ഒളിവിലാണ്, പോലീസ് ഈ വിഷയം അന്വേഷിച്ചുവരികയാണ്.