ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക നീക്കമായ 'ഓപ്പറേഷൻ സിന്ദൂർ' അവസാനിപ്പിക്കാൻ അമേരിക്കയുടെ അടിയന്തര ഇടപെടൽ തേടി പാകിസ്താൻ നടത്തിയ ലോബിയിങ് വിവരങ്ങൾ പുറത്ത്. ഇന്ത്യയെ ചർച്ചയ്ക്ക് പ്രേരിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നും അതിനായി യുഎസിന് പാകിസ്താനിലെ നിർണ്ണായക ധാതു നിക്ഷേപങ്ങളിലും സാമ്പത്തിക മേഖലയിലും പ്രത്യേക പ്രവേശനം നൽകാമെന്നും ഇസ്ലാമാബാദ് വാഗ്ദാനം ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു.(Operation Sindoor, Pakistan asked for US help over 50 times)
അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇന്ത്യക്കെതിരെ നയതന്ത്ര നീക്കം നടത്താനുമായി പാകിസ്താൻ വൻതോതിൽ പണമൊഴുക്കിയതായാണ് വിവരം. വാഷിങ്ടണിലെ ആറ് പ്രമുഖ ലോബിയിങ് സ്ഥാപനങ്ങളുമായി ഏകദേശം 5 മില്യൺ ഡോളറിന്റെ (ഏകദേശം 42 കോടി രൂപ) വാർഷിക കരാറിലാണ് പാകിസ്താൻ ഒപ്പുവെച്ചത്.
'സ്‌ക്വയർ പാറ്റൺ ബോഗ്‌സ്' എന്ന സ്ഥാപനത്തിന്റെ രേഖകൾ പ്രകാരം പാക് ഉദ്യോഗസ്ഥർ 50-ലധികം തവണ യുഎസ് അധികൃതരെ ഫോൺ വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ടു. യുഎസ് മധ്യസ്ഥതയെ സ്വാഗതം ചെയ്ത പാകിസ്താൻ പ്രധാനമായും ഉന്നയിച്ച കാര്യങ്ങളിൽ ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ആക്രമണത്തെക്കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നതും ഉൾപ്പെടുന്നു.
സിന്ധു നദീജല കരാറിലും കശ്മീർ വിഷയത്തിലും ഇന്ത്യയുമായി ചർച്ച നടത്താൻ യുഎസ് സാഹചര്യം ഒരുക്കണം. ഇന്ത്യയുമായി സ്ഥിരീകരിക്കാവുന്ന കരാറുകളിൽ എത്താൻ ഒരു മൂന്നാം കക്ഷിയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് പാകിസ്താൻ വിശ്വസിക്കുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം താൻ ഇടപെട്ടാണ് നിർത്തിവെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചതും ഈ ലോബിയിങ് നീക്കങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. സാമ്പത്തികമായി തകർന്ന പാകിസ്താൻ, ഇന്ത്യയുടെ സൈനിക കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അമേരിക്കയെയും ട്രംപിനെയും ശരണം പ്രാപിക്കുന്ന കാഴ്ചയാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.