
ദ്രാസ്: ഓപ്പറേഷൻ സിന്ദൂരിനിടെ നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ വെറുതെ വിടില്ലെന്ന വ്യക്തമായ സന്ദേശമാണ് പാകിസ്ഥാന് നൽകിയതെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു(Operation Sindoor). ഇന്ത്യ കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്ന വേളയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കരസേനാ മേധാവി പ്രതികരിച്ചത്.
നാട്ടുകാർ കാണിച്ച വിശ്വാസത്തിന്റെയും സർക്കാർ നൽകിയ സ്വതന്ത്രമായ ഇടപെടലിന്റെയും ഫലമായാണ് ഇന്ത്യൻ സൈന്യം ഉചിതമായ സർജിക്കൽ സ്‌ട്രൈക്കുകളിലൂടെ മറുപടി നൽകിയത്. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ വെല്ലുവിളിക്കാനോ ജനങ്ങളെ ദ്രോഹിക്കാനോ ശ്രമിക്കുന്ന ഏതൊരു ശക്തിക്കും ഉചിതമായ മറുപടി നൽകുമെന്നും ഇതാണ് ഇന്ത്യയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.