പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്താന് ഒപ്പം കോണ്‍ഗ്രസിനും ഞെട്ടല്‍ ഉണ്ടാക്കിയെന്ന് നരേന്ദ്രമോദി.പ്രതിപക്ഷം ബിഹാറില്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ബിഹാറിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ രാജ്യം അഭിമാനത്തിലായിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിൽ ഉണ്ടായ സ്‌ഫോടനങ്ങൾ പാകിസ്താനിലാണെങ്കിലും ഉറക്കമില്ലാത്ത രാത്രികള്‍ കോണ്‍ഗ്രസ് രാജകുടുംബത്തിനായിരുന്നു. പാകിസ്താനും കോണ്‍ഗ്രസും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പുറത്തുവന്നിട്ടില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്‍ഡ്യാ സഖ്യത്തില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസിന് ഒരു ആര്‍ജെഡി നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രഖ്യാപിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ ആര്‍ജെഡി അവസരം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ആര്‍ജെഡി കോണ്‍ഗ്രസിന്റെ തലയ്ക്ക് തോക്കുചൂണ്ടി മുഖ്യമന്ത്രിസ്ഥാനം മോഷ്ടിച്ചെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. നുഴഞ്ഞുകയറ്റക്കാര്‍ ബിഹാര്‍ പിടിച്ചടക്കുന്നത് നിങ്ങള്‍ അംഗീകരിക്കുമോ? അവര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്? അവരുടെ ലക്ഷ്യങ്ങള്‍ അപകടമാണ്. അതുകൊണ്ട് നിങ്ങള്‍ ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കരുതിയിരിക്കണം. അവര്‍ ജംഗിള്‍ രാജ് പാഠശാലയിലാണ് പഠിച്ചതെന്ന് മോദി വിമർശിച്ചു.
അതേ സമയം, ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ബെഗുസരായിലെ ഒരു കുളത്തില്‍ ഇറങ്ങി പരമ്പരാഗത മീന്‍പിടുത്തം നടത്തുന്നവരോടൊപ്പവും രാഹുല്‍ ചേര്‍ന്നു.മൊക്കാമയില്‍ ജന്‍ സുരാജ് നേതാവ് ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ട സംഭവത്തില്‍ അര്‍ദ്ധരാത്രിയോടെ ജെഡിയു സ്ഥാനാര്‍ഥി ആനന്ദ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന നില തകര്‍ന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംഘര്‍ഷങ്ങളുടെ പേരില്‍ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.