
ഡൽഹി: പശ്ചിമേഷ്യയിൽ സംഘര്ഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യ നടത്തിയ രക്ഷാദൗത്യം ഓപ്പറേഷൻ സിന്ധു തുടരുന്നു(Operation Sindhu). ദൗത്യത്തിന്റെ ഭാഗമായി ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൗത്യത്തിന്റെ ഭാഗമായി ഇറാനിലെ മഷാദിൽ നിന്ന് 2 മലയാളികൾ ഇന്ന് രാത്രി 7: 30 ന് ഡൽഹിയിൽ എത്തിച്ചേർന്നു.
ഇരുവരും ജോലി ആവശ്യത്തിനായാണ് ടെഹ്റാനിൽ പോയത്. കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്കതറമ്മേലും മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കലുമാണ് മടങ്ങിയെത്തിയ മലയാളികൾ. രാത്രി 9.40 ന് ഡൽഹിയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ റഷീദ് നാട്ടിലേക്ക് തിരിക്കും. മുഹമ്മദ് ഇംതിയാസ് നാളെ പുലർച്ചെ ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.