ഡൽഹി : ജമ്മു കശ്മീരിലെ ദാര മേഖലയിൽ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത സുലൈമാന്‍ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെയാണ് സൈന്യം വധിച്ചത്.
ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഭീകരവാദികള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ (വാക്കി ടോക്കി) ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങൾ സുരക്ഷാസേനയ്ക്ക് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും (സിആർപിഎഫ്) ചേർന്നാണ് ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയത്.
ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് സുരക്ഷാസേന ഓപ്പറേഷന് തുടക്കം കുറിച്ചത്.14 ദിവസത്തോളമായി ഭീകരവാദികളുടെ ഓരോ നീക്കവും സുരക്ഷാസേന വിലയിരുത്തി.ഇതിന് പിന്നാലെയാണ് സുരക്ഷാസേന നടപടി സ്വീകരിച്ചത്.ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ-47, യുഎസ് നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.