ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുബേദാർ പെർബത്ത് ഗൗർ, ലാൻസ് നായിക് കെ നരേന്ദർ സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരുടെയും ധൈര്യവും സമർപ്പണവും എന്നെന്നേക്കുമായി പ്രചോദിപ്പിക്കുമെന്ന് സൈന്യം അനുശോചിച്ചു.
ഓപ്പറേഷൻ ഗുഡ്ഡാർ തുടരുന്നു എന്നും സൈന്യം വ്യക്തമാക്കി.ജമ്മുകശ്മീര്‍ പോലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവിരുദ്ധ ദൗത്യത്തിനിറങ്ങിയത്.
അതേസമയം മറ്റ് ഭീകരവാദികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ലഷ്‌കര്‍ ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം നല്‍കുന്ന സൂചന.കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനാണെന്നാണ് വിവരം. മറ്റൊരാള്‍ കശ്മീര്‍ സ്വദേശിയാണെന്നാണ് കരുതുന്നത്. പാക് സ്വദേശി റഹ്‌മാന്‍ ഭായ് എന്നപേരില്‍ അറിയപ്പെടുന്നയാളാണെന്നാണ് വിവരം.