
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ നടക്കുന്ന ഓപ്പറേഷൻ അഖലിൽ 2 സൈനികർ വീര മൃത്യു വരിച്ചു(Operation Akhal). എൽ/എൻകെ പ്രീത്പാൽ സിംഗ്, സെപ് ഹർമീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ 9-ാമത് ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സൈനികർക്ക് ജീവൻ നഷ്ടമായത്.
നിലവിൽ 4 സൈനികർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം എക്സ് പോറ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അതേസമയം ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
"രാജ്യത്തിനുവേണ്ടിയുള്ള കർത്തവ്യനിർവ്വഹണത്തിൽ ധീരരായ എൽ/എൻകെ പ്രീത്പാൽ സിംഗ്, സെപ് ഹർമീന്ദർ സിംഗ് എന്നിവരുടെ പരമോന്നത ത്യാഗത്തെ ചിനാർ കോർപ്സ് ആദരിക്കുന്നു. അവരുടെ ധൈര്യവും സമർപ്പണവും നമ്മെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും. #ഇന്ത്യൻ ആർമി അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പ്രവർത്തനം തുടരുന്നു" - സൈന്യം എക്സ് പോസ്റ്റിലൂടെ പങ്കുവച്ചു.