

അഹമ്മദാബാദ്: ഭക്ഷണരീതിയെച്ചൊല്ലിയുള്ള നീണ്ട തർക്കത്തിനൊടുവിൽ 23 വർഷം നീണ്ട ദാമ്പത്യബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ കേസിൽ ഭർത്താവിന് അനുകൂലമായി വന്ന കീഴ്‌ക്കോടതി വിധി ഗുജറാത്ത് ഹൈക്കോടതിയും ശരിവെച്ചു.(Onion-Garlic argument broke a 23-year long marriage! Unusual case reaches the High Court)
സ്വാമിനാരായൺ വിഭാഗക്കാരിയായ ഭാര്യ, വിശ്വാസപരമായ കാരണങ്ങളാൽ സവാളയും വെളുത്തുള്ളിയും കഴിക്കുന്നതിനെ എതിർത്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഭർത്താവിന്റെ വീട്ടുകാർ പോലും ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തണമെന്ന് അവർ നിർബന്ധം പിടിച്ചു. ഇത് തന്നോടുള്ള ക്രൂരതയും അവകാശ ലംഘനവുമാണെന്ന് ആരോപിച്ചാണ് ഭർത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്.
2007-ലാണ് ഭർത്താവ് വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ ഹർജി നൽകുന്നത്. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെ ഭാര്യ 2013-ൽ കുട്ടിയെയും കൂട്ടി വീടുവിട്ടു പോയതായി കോടതി രേഖകളിൽ പറയുന്നു. പിന്നീട് കുട്ടിയെ ഭർത്താവിനൊപ്പം ഉപേക്ഷിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇതിനെതിരെ ഭാര്യ ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, കീഴ്‌ക്കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവെച്ച് ഹർജി തള്ളി. ജസ്റ്റിസുമാരായ സംഗീത വിഷൻ, നിഷ താക്കൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നവംബർ 27-ന് പുറപ്പെടുവിച്ച ഉത്തരവിൽ, ദമ്പതികൾ തമ്മിലുള്ള ഭക്ഷണത്തിലെ അഭിപ്രായവ്യത്യാസം വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണമാണെന്ന് വ്യക്തമാക്കി. ദമ്പതികളുടെ പ്രശ്നങ്ങൾക്ക് കാരണം അവരുടെ വ്യത്യസ്തമായ ഭക്ഷണരീതികളാണെന്ന് ഹൈക്കോടതി ഊന്നിപ്പറയുകയും വിവാഹമോചനവും ഭാര്യക്ക് വേണ്ട ചെലവിനുള്ള തുകയും അന്തിമമാക്കുകയും ചെയ്തു.
"മതം പിന്തുടരുന്നതും സവാള, വെളുത്തുള്ളി എന്നിവ കഴിക്കുന്നതും ആയിരുന്നു കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പ്രധാന കാരണം," എന്ന് കോടതി നിരീക്ഷിച്ചു.