

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്.(One-year-old girl killed in leopard attack in Gujarat)
അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്രേലി വന്യജീവി സങ്കേതത്തിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു. പുള്ളിപ്പുലിയെ പിടികൂടാനായി ദൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച, ഗിർ സോമനാഥ് ജില്ലയിലെ ഗിർ ഗധാഡ താലൂക്കിൽ രണ്ട് വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.