ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്ന്; തിരുവണ്ണാമലയിലെ ദൈവികതയും അഗ്നിയെ പ്രതിനിധീകരിക്കുന്ന അണ്ണാമലയാർ ക്ഷേത്രവും |Annamalaiyar Temple

Annamalaiyar Temple
Published on

തമിഴ്നാട്ടിലെ ഒരു പ്രധാന തീർഥാടന - വാണിജ്യ -വിനോദസഞ്ചാര കേന്ദ്രവും മുഖ്യ കാർഷികോത്പാദന കേന്ദ്രവുമാണ് തിരുവണ്ണാമലൈ. തിരുവണ്ണാമലൈ എന്ന നാമം തന്നെ ഭൂപ്രദേശത്തെയും ഇവിടുത്തെ പച്ചപ്പിനെയും സൂചിപ്പിക്കുന്നു. തിരുവണ്ണാമലൈയിലെ ഏറെ പ്രസിദ്ധമായത് എന്ത് ചോദിച്ചാൽ, ഒറ്റയുത്തരമേ ഉള്ളു അണ്ണാമലയാർ ക്ഷേത്രം (Annamalaiyar Temple). അണ്ണാമലൈ കുന്നിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ക്ഷേത്രം.

ക്ഷേത്രത്തെ അരുണാചലേശ്വർ (Arunachalesvara Temple) ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവഭഗവാനാണ്. ദക്ഷിണേന്ത്യയിലെ ഏറെ തീർഥാടക പ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് അണ്ണാമലയാർ ക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. ഇത് അഗ്നി തത്വത്തെ പ്രതിനിതീകരിക്കുന്നു. വലിയ ഗോപുരങ്ങളും ആയിരത്തോളോം വരുന്ന തൂണുകളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ 4 ഗോപുരങ്ങൾ ഉണ്ട് അവയിൽ 11 അടി വീതിയും 66 മീറ്റർ ഉയരവുമുള്ള ഏറ്റവും ഉയരമേറിയ കിഴക്കൻ ഗോപുരം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. നിരവധി ഉപക്ഷേത്രങ്ങളും ക്ഷേത്രത്തിനുള്ളിലായി കാണപ്പെടുന്നു.

കിഴക്കോട്ട് ദർശനമായാണ് ക്ഷേത്ര പ്രതിഷ്ഠ. ശിവക്ഷേത്രത്തിന് ഇടതുവശത്തായി പാർവതിയുടെ ക്ഷേത്രവും കാണാം. പാർവതിയെ ഇവിടെ ഉണ്ണാമലയമ്മനെന്നു വിളിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണി  ചെയ്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണ് വിശ്വസം. വിവിധ രാജവംശങ്ങളുടെ സംഭാവനയാണ് ക്ഷേത്രത്തിന്റെ ഇപ്പോഴുള്ള നിർമ്മിതിക്ക് പിന്നിൽ. വിജയനഗര, ചോഴ, സംഗമ, സാലുവ, തുളുവ രാജവംശമാണ് ക്ഷേത്ര വികസനത്തിന് പ്രധാന പങ്കുവഹിച്ച രാജവംശങ്ങൾ. 25 ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം സുബ്രഹ്മണ്യനെ ദർശിച്ചു വേണം മുന്നോട്ടു പോകാൻ. ആയിരം കാൽമണ്ഡപം ഉൾപ്പെടുന്ന ഒട്ടനവധി മണ്ഡപങ്ങളും, രണ്ട് തീർത്ഥകുളങ്ങളും ഈ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്. ക്ഷേത്രത്തിലെ നന്ദിയെയും സൂര്യ ചന്ദ്ര വിഗ്രഹങ്ങളും കടന്നാല്‍ അഗ്നി സ്വരൂപനായ അരുണാചലേശ്വരന്റെ ശിവലിംഗം ഭക്തർക്ക് ദർശിക്കാവുന്നതാണ്.

ക്ഷേത്ര ഐതിഹ്യം

ബ്രഹ്മാവും വിഷ്ണുവും തങ്ങളിൽ ആരാണ് പരമശ്രേഷ്ഠൻ എന്ന് അറിയാൻ മത്സരിക്കുന്നു. തർക്കം പരിഹരിക്കാൻ ശിവൻ ഇരുവർക്കും മുന്നിൽ ഒരു തീ ജ്വാലയായി പ്രത്യക്ഷപ്പെട്ടു, തന്റെ ഉറവിടം കണ്ടെത്താൻ ഇരുവരോടും ആവശ്യപ്പെടുന്നു. എന്നാൽ ബ്രഹ്മാവിനും വിഷ്ണുവിനും ആ തീ ജ്വാലയെ കണ്ടെത്തുവാൻ സാധിച്ചില്ല. എന്നാൽ, ബ്രഹ്മാവ് താൻ അഗ്രം കണ്ടുവെന്ന് കള്ളവാദം നടത്തുന്നു. ഇതിൽ ക്രുദ്ധനായ ശിവൻ ബ്രഹ്മാവിന്റെ അഞ്ചിൽ ഒരു ശിരസ്സ് ശിവൻ നുള്ളിയെടുക്കുന്നു. അനന്തതാപം അനുഭവിച്ച ദേവതകൾ ശിവനോട് പ്രാർത്ഥിച്ചപ്പോൾ ഭഗവാൻ പർവതത്തിലേക്ക് ഒരു ചെറിയ പന്തമായി മടങ്ങിയ സ്ഥലം തിരുവണ്ണാമല എന്നും അഗ്നിയുടെ സ്ഥലമായ അരുണാചലം എന്ന് അറിയപ്പെടുന്നു. 

ക്ഷേത്രത്തിലെ എല്ലാ ഉത്സവങ്ങളും വളരെ പ്രശസ്തമാണ്, ലക്ഷകണക്കിന് ഭക്തരാണ് ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിൽ പ്രതിവർഷം എത്തിച്ചേരുന്നത്. കാർത്തികൈ ദീപം, ഗിരിവലം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. നിലവിൽ ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതല തമിഴ്നാടിൻറെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനാണ്. ഒൻപതാം നൂറ്റാണ്ടിലെ തമിഴ് സന്യാസിയും കവിയുമായ മാണിക്കവാചകർ തന്റെ രചനയിൽ അരുണാചലേശ്വരനെ പുകഴ്ത്തുകയും ദേവനെ "അണ്ണാമലൈ" എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു. തമിഴ് കലണ്ടർ അനുസരിച്ചുള്ള മാർകഴി മാസത്തിൽ അദ്ദേഹം ക്ഷേത്രത്തിൽവച്ച് തിരുവേമ്പവായ് എന്ന കൃതിയും രചിച്ചു."തിരുപുകഴ്" എന്ന കൃതിയാണ് ഇതിൽ ഏറ്റവും പ്രസിദ്ധമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് അണ്ണാമലയാർ.

Related Stories

No stories found.
Times Kerala
timeskerala.com