

ന്യൂഡൽഹി: രാജ്യത്ത് 'ഒരു രാഷ്ട്രം, ഒരു പോലീസ് യൂണിഫോം' (One Nation, One Police Uniform) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരുകളിൽ നിന്ന് നിർദ്ദേശങ്ങളും വിശദാംശങ്ങളും തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നവംബർ 4-നകം വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം കത്തയച്ചത്.(One Nation, One Police Uniform project, Centre seeks suggestions from 16 states including Kerala)
ഏകീകൃത യൂണിഫോം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്. അതത് പോലീസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകൽപ്പന, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ.
നിലവിലെ വാർഷിക യൂണിഫോം അലവൻസ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശവില എന്നിവയുടെ വിശദാംശങ്ങൾ.
ഏകീകൃത യൂണിഫോം തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റിനെ (BPR&D) കേന്ദ്രം ഏൽപ്പിച്ചു. തുണി, നിറം, ചിഹ്നം, ചെലവ് എന്നിവ പഠിക്കാനാണ് ബി.പി.ആർ.ആൻഡ്.ഡി.യെ ചുമതലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2022-ൽ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പൊതു പോലീസ് യൂണിഫോം എന്ന ആശയം മുന്നോട്ട് വെച്ചത്.