
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ മരിച്ചു. 27 സുരക്ഷാജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. കുക്കികളും സുരക്ഷാസേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ദിമാപൂർ ഹൈവേയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഇംഫാലിൽ നിന്ന് സേനാപതി ജില്ലയിലേക്കുള്ള ബസ് സർവിസാണ് പ്രക്ഷോഭകർ തടഞ്ഞത്. ഇംഫാൽ -ദിമാപൂർ ദേശീയപാതയിൽ കുക്കി പ്രക്ഷോഭകർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
കാങ്പോക്പി ജില്ലയിൽ കുക്കി വിഭാഗവും സുരക്ഷസേനയും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഏതാനും പ്രക്ഷോഭകർക്ക് പരിക്കേറ്റു. അക്രമികളായ എട്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.