

ശ്രീനഗർ: സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി 2024-ൽ ബി.ജെ.പി.യുമായി സഖ്യത്തിന് ശ്രമിച്ചുവെന്ന ആരോപണങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്ത്. സംസ്ഥാന പദവിക്ക് വേണ്ടിയോ മറ്റൊരു ആവശ്യത്തിന് വേണ്ടിയോ ബി.ജെ.പി.യുമായി സഖ്യത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വിശുദ്ധ ഖുർആനിൽ കൈ തൊട്ട് സത്യം ചെയ്യുന്നതായി എക്‌സ് (X) പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.(Omar Abdullah denies allegations of trying to form an alliance with BJP)
"ആരോപണമുന്നയിച്ച സുനിൽ ശർമ്മയെപ്പോലെ ഞാൻ ഉപജീവനത്തിനായി കള്ളം പറയാറില്ല," ഒമർ അബ്ദുള്ള കുറിച്ചു. ബി.ജെ.പി. നേതാവ് സുനിൽ ശർമ്മയാണ് ഒമർ അബ്ദുള്ളക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. 2014-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒമർ അബ്ദുള്ള ബി.ജെ.പി.യെ സമീപിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
2024-ലും വീണ്ടും ഡൽഹിയിൽ പോയി, സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ ബി.ജെ.പി.യുമായി ചേർന്ന് സർക്കാർ രൂപീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ബി.ജെ.പി. ഇത് എതിർത്തു. ഈ ആരോപണങ്ങൾ തെറ്റാണെങ്കിൽ പള്ളിയിൽ പോയി വിശുദ്ധ ഖുർആൻ കയ്യിലെടുത്ത് സത്യം ചെയ്യാൻ സുനിൽ ശർമ്മ ഒമർ അബ്ദുള്ളയെ വെല്ലുവിളിച്ചിരുന്നു.
ബി.ജെ.പി.ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന ഒമർ അബ്ദുള്ള, ജമ്മു കശ്മീരിൽ ബി.ജെ.പി.ക്കെതിരെ പോരാടുന്നത് തന്റെ നാഷണൽ കോൺഫറൻസ് മാത്രമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി. നേതാവിന്റെ വെല്ലുവിളിയും ഒമർ അബ്ദുള്ളയുടെ ശക്തമായ മറുപടിയും. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ ഇത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.