

പർജാങ് (ഒഡീഷ): പ്രാർഥനയ്ക്കിടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾക്കൂട്ടം പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്തു. നാൽപ്പതോളം വരുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാസ്റ്റർ നായികും കുടുംബവും ഏതാനും വിശ്വാസികളും വീട്ടിൽ പ്രാർഥന നടത്തുന്നതിനിടെയാണ് സംഘം അതിക്രമിച്ചു കയറിയത്. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ സംഘം മർദിച്ചു. പാസ്റ്ററെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ അക്രമികൾ നിർബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു. വഴങ്ങാത്തതിനെ തുടർന്ന് വടി കൊണ്ട് ക്രൂരമായി മർദിക്കുകയും ബലമായി ചാണകം തീറ്റിപ്പിക്കുകയും ചെയ്തു.
പാസ്റ്ററുടെ മുഖത്ത് സിന്ദൂരം പുരട്ടുകയും കഴുത്തിൽ ചെരിപ്പ് മാല അണിയിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ അദ്ദേഹത്തെ നടത്തിച്ചു. പിന്നീട് ഒരു ക്ഷേത്രത്തിന് സമീപം കെട്ടിയിട്ടും മർദനം തുടർന്നു. വിവരം അറിയിച്ചിട്ടും പോലീസ് എത്താൻ വൈകിയെന്നും, അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചിട്ടും പാസ്റ്റർക്ക് കൃത്യസമയത്ത് വൈദ്യസഹായം നൽകിയില്ലെന്നും സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
പർജാങ് ഒരു ഹിന്ദു ഭൂരിപക്ഷ ഗ്രാമമാണ്. ഇവിടെ ആകെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. ഈ കുടുംബങ്ങൾക്കെതിരെ മുൻപും ഭീഷണികൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.