നയാഗഡ്: ഒഡീഷയിലെ നയാഗഡ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു (Odisha Bus Accident Nayagarh). അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെ ദസ്പല്ലയിലെ ഹനുമാൻ ഘട്ടി റോഡിലാണ് 55 യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബെർഹാംപൂർ സ്വദേശികളായ ഹരി പത്ര, ഭാര്യ ലക്ഷ്മി പത്ര, സുപ്രഭ സാഹു, മകൾ സുമതി, ബസ് ഡ്രൈവർ പ്രവീൺ കുമാർ സാഹു എന്നിവരാണ് മരിച്ചത്. ബെർഹാംപൂരിൽ നിന്ന് ബലാംഗിർ ജില്ലയിലെ ഹരിശങ്കറിലേക്ക് പോവുകയായിരുന്നു വിനോദസഞ്ചാര സംഘം. ഘട്ട് റോഡിലെ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് ബസ് 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ യാത്രക്കാർ ആരോപിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി തീവ്രദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി പ്രവതി പരിദയും സംഭവത്തിൽ അനുശോചനം അറിയിച്ചു. ദസ്പല്ല, ബനിഗോച്ച പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഫയർ സർവീസ് ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ദസ്പല്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: At least five people were killed and 30 others injured when a tourist bus carrying 55 passengers overturned in Odisha’s Nayagarh district early Saturday. The accident occurred around 2 AM at Hanuman Ghati near Daspalla, reportedly due to speeding.

