

ഭുവനേശ്വർ: ഒഡീഷയിലെ ബലാസോർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. 35-കാരനായ മകന്ദർ മഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ കന്നുകാലികളുമായി വരികയായിരുന്ന പിക്കപ്പ് വാൻ തടഞ്ഞുനിർത്തിയാണ് ഒരു സംഘം മകന്ദറിനെയും ഡ്രൈവറെയും ക്രൂരമായി ആക്രമിച്ചത്.
സംഭവത്തിൽ പോലീസിന്റെ ആദ്യ നടപടി വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ആക്രമണത്തിന് ഇരയായവർക്കെതിരെയാണ് പോലീസ് ആദ്യം കേസെടുത്തത്. വാഹനം അമിതവേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ചായിരുന്നു എഫ്.ഐ.ആർ. പോലീസ് എത്തിയപ്പോഴേക്കും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും വാഹനത്തിൽ പശു ഉണ്ടായിരുന്നെന്നും പോലീസ് രേഖപ്പെടുത്തി. തുടർന്ന് പശുവിനെ ഗോശാലയിലേക്ക് മാറ്റുകയും ചെയ്തു.
മകന്ദറിന്റെ മരണത്തെത്തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതകത്തിന് കേസെടുത്തത്. അഞ്ചുപേരടങ്ങുന്ന സംഘം വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് മകന്ദറിനെ ആക്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) 103 (2) വകുപ്പ് പ്രകാരം അഞ്ച് പേരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം , യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുന്നതും 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ ബലാസോറിലെ സംഭവത്തിന്റേതാണോ എന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മകന്ദറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.