ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുപ്പം പി.ഇ.എസ്. കോളേജിലെ ബി.എസ്‌സി. നഴ്‌സിങ് വിദ്യാർത്ഥിനിയായ 19 വയസ്സുള്ള പല്ലവിയാണ് മരിച്ചത്.(Nursing student commits suicide by jumping from hostel building)
വ്യാഴാഴ്ച വൈകുന്നേരമാണ് പല്ലവി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ വിദ്യാർത്ഥിനിയെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ പല്ലവി മരിച്ചു. താഴെ വീണ കുട്ടിയുടെ അടുത്തേക്ക് ജീവനക്കാരും മറ്റ് വിദ്യാർത്ഥികളും ഓടിയടുക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് ആരോപിച്ച് പല്ലവിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല്ലവിയുടെ മരണം കോളേജിലെ മറ്റ് വിദ്യാർത്ഥികളെയും മാനസികമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെയായി ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിച്ചു വരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.