ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ സഹായധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ എന്നിങ്ങനെയാണിത്.(Nowgam blast, Government announces Rs 10 lakhs to families of deceased)
സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും സമീപത്തെ നിരവധി വീടുകളും സർക്കാർ തന്നെ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
ചെങ്കോട്ട സ്ഫോടനത്തിൻ്റെ ആഘാതം മാറും മുൻപാണ് നൗഗാമിൽ രണ്ടാമത്തെ സ്ഫോടനം ഉണ്ടാകുന്നത്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകരസംഘം ഒളിപ്പിച്ച സ്ഫോടകവസ്തുക്കളാണ് ഫരീദാബാദിൽ നിന്നും മറ്റുമായി നവംബർ 9-നും 10-നുമായി പിടിച്ചെടുത്ത് നൗഗാം പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നത്.
നൗഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണമാണ് ഈ സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്.