ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട്, സ്ഫോടനത്തിൽ പ്രതികളായ ഡോക്ടർമാർ പ്രവർത്തിച്ചിരുന്ന അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സർവകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തു കളയാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഫോടനവുമായി ബന്ധമില്ലെന്ന് കാണിച്ച് അൽ ഫലാഹ് സർവകലാശാല നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.(Notice to Al Falah University over Delhi blast)
സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ഭീകരനുമായ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കണ്ടെത്തി. കശ്മീരിൽ എത്തിയ ഉമർ, അൽ-ഖ്വയ്ദ അടക്കമുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്ന 'വൈറ്റ് കോളർ ഭീകരസംഘത്തെ' നിയന്ത്രിക്കുന്നത് മൂന്നുപേരാണെന്നും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും (ഐ.എസ്.ഐ) ഭീകരർ ഇടപെടൽ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലെ ഖ്വാസിഗുണ്ടിൽ ഒക്ടോബർ 18-നാണ് ഉമർ നബി മറ്റ് ഗ്രൂപ്പുകളുമായി ചർച്ച നടത്തിയത്. അൻസർ ഗസ് വതുൽ ഹിന്ദ് എന്ന പേരിലാണ് ആക്രമണ ഗ്രൂപ്പ് സ്വയം വിശേഷിപ്പിച്ചിരുന്നത്.
പ്രതികളുടെ മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഭീകരസംഘത്തിൻ്റെ കണ്ണികൾ പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്ന തെളിവുകൾ ലഭിച്ചത്. 'ഉഗാസ' എന്നറിയപ്പെടുന്ന ഭീകരന് പുറമെ ഫൈസൽ ബട്ട്, ഹാഷിം എന്നിവരുമായിട്ടും ഈ സംഘം ബന്ധപ്പെട്ടിരുന്നു. ഇതിൽ ഫൈസലിനെയാണ് ഐ.എസ്.ഐ. ഏജൻ്റ് എന്ന് സംശയിക്കുന്നത്. 'ഉഗാസ' നിലവിൽ അഫ്ഗാനിസ്ഥാനിലാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഹാഷിമിനെ സംബന്ധിച്ച് വ്യക്തമായ സൂചനകളില്ല.
ഫരീദാബാദ് ഭീകരസംഘത്തിലെ മറ്റ് അംഗങ്ങളുമായി ആക്രമണ രീതി, സാമ്പത്തിക സ്രോതസ്സുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉമർ നബിക്ക് തർക്കമുണ്ടായിരുന്നു എന്ന് അറസ്റ്റിലായ മുസമ്മിൽ മൊഴി നൽകിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ തുഫൈൽ നിയാസ് ഭട്ട് അറസ്റ്റിലായി.