
ആളുകളുടെ കൈയിൽ നിന്ന് സാധനങ്ങൾ തട്ടിയെടുത്ത് ഓടുന്നത് കുരങ്ങൻമാരുടെ സ്ഥിരം വിനോദമാണ്. എന്നാൽ ഉത്തർപ്രദേശിലെ സോറോണിൽ, വഴിയാത്രക്കാരന്റെ ബാഗ് തട്ടിയെടുത്ത ഒരു കുരങ്ങൻ കാണിച്ച കോപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.
ഒരു മരത്തിൽ കയറിയാണ് കുരങ്ങൻ ബാഗ് കൈകാര്യം ചെയ്തത്. ബാഗ് തുറക്കാൻ പാടുപെടുന്നതും കടിച്ച് കീറുന്നതും വീഡിയോയുടെ തുടക്കത്തിൽ കാണാം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബരങ് തുറന്ന കുരങ്ങൻ, അതിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ട് പുറത്തെടുത്തു.
മരത്തിന് മുകളിൽ 'നോട്ട് മഴ'
ബാഗ് താഴേക്കിട്ട ശേഷം, കുരങ്ങൻ നോട്ടുകെട്ട് കഴിക്കാനുള്ള വസ്തുവാണെന്ന് കരുതി കടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. താഴെ റോഡിൽ ആളുകൾ ബഹളം വെച്ചതോടെ, കടിച്ചെടുത്ത നോട്ടുകെട്ടുമായി കുരങ്ങൻ മരത്തിന് മുകളിലേക്ക് കയറുകയും ഇലകൾക്കിടയിൽ മറയുകയും ചെയ്തു. ഇതിനിടെ, മരത്തിന് മുകളിൽ വെച്ച് കുരങ്ങൻ ഈ നോട്ടുകെട്ടിൽ നിന്ന് നോട്ടുകൾ വലിച്ചെറിയാൻ തുടങ്ങി. "ആകാശത്ത് നിന്നും കുരങ്ങൻ 500 രൂപയുടെ മഴ പെയ്യിച്ചു" എന്ന അടിക്കുറിപ്പോടെയാണ് ഒരു വാർത്താ ചാനൽ ഈ വീഡിയോ പങ്കുവെച്ചത്.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ നിരവധി പ്രതികരണങ്ങളാണ് കാഴ്ചക്കാരിൽ നിന്ന് ലഭിച്ചത്.
ചിലർ കുരങ്ങുകളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കുറിച്ചു.
മറ്റുചിലർ, ഈ കുരങ്ങൻ പണത്തിന്റെ നിസ്സാരതയെ കുറിച്ചാണ് മനുഷ്യരെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന അഭിപ്രായം രേഖപ്പെടുത്തി.
എന്തായാലും, ഈ 'ധനികനായ' കുരങ്ങന്റെ അവിശ്വസനീയമായ പ്രവൃത്തി സോഷ്യൽ മീഡിയയിൽ ചിരിയും ചിന്തയും ഒരുപോലെ ഉണർത്തി വൈറലായി മാറിയിരിക്കുകയാണ്.