ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചത് സുരക്ഷാ ആശങ്കകൾ കാരണമാണെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചു. പുതിയ സന്ദർശന തീയതികൾ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.(Not security concerns, Israel on postponing Netanyahu's India visit)
ചെങ്കോട്ട സ്ഫോടനത്തെത്തുടർന്നുണ്ടായ സുരക്ഷാ ആശങ്ക കാരണമാണ് നെതന്യാഹുവിന്റെ ഇന്ത്യാ യാത്ര നീട്ടിവെച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങളോടുള്ള പ്രതികരണമായാണ് ഇസ്രായേൽ ഇക്കാര്യം വ്യക്തമാക്കിയത്. "ഇസ്രായേൽ-ഇന്ത്യ ബന്ധവും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ബന്ധവും അതീവ ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ സുരക്ഷയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പുതിയ സന്ദർശന തീയതി സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്," നെതന്യാഹുവിന്റെ ഓഫീസ് 'എക്‌സി'ലൂടെ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹു ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. "ഇന്ത്യയും ഇസ്രായേലും ശാശ്വത സത്യങ്ങളിൽ നിലകൊള്ളുന്ന പുരാതന നാഗരികതകളാണ്. ഭീകരത നമ്മുടെ നഗരങ്ങളെ ആക്രമിച്ചേക്കാം, പക്ഷേ അത് ഒരിക്കലും നമ്മുടെ ആത്മാവിനെ ഉലയ്ക്കില്ല. നമ്മുടെ രാഷ്ട്രങ്ങളുടെ വെളിച്ചം ശത്രുക്കളുടെ ഇരുട്ടിനെ മറികടക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.