
ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിൽ കേന്ദ്ര സർക്കാറിനെയും ബി.സി.സി.ഐയെയും രൂക്ഷമായി വിമർശിച്ച് ശിവസേന ഉദ്ധവ് വിഭാഗം എം.പി പ്രിയങ്ക ചതുർവേദി. ബി.സി.സി.ഐക്കും കേന്ദ്ര സർക്കാറിനും ഇന്ത്യൻ സൈനികരുടെയും പൗരന്മാരുടെയും രക്തത്തേക്കാൾ വലുത് സാമ്പത്തിക താൽപര്യങ്ങളാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ വേദികൾ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമർശനം.
രക്തം പുരണ്ട പണം മാത്രമല്ല, അത് ശപിക്കപ്പെട്ട പണം കൂടിയാണെന്ന് ചതുർവേദി സമൂഹമാധ്യമത്തിലെ കുറിപ്പിൽ രേഖപ്പെടുത്തി. "നമ്മുടെ സഹ ഇന്ത്യക്കാരുടെയും സൈനികരുടെയും രക്തത്തേക്കാൾ വിലപ്പെട്ടത് പണമാണ്. ഓപ്പറേഷൻ സിന്ദൂറിലെ ഇരട്ടത്താപ്പിൽ കേന്ദ്ര സർക്കാറിനോട് ലജ്ജ തോന്നുന്നു. പ്രിയപ്പെട്ട ബി.സി.സി.ഐ, നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നത് രക്തം പുരണ്ട പണം മാത്രമല്ല, ശപിക്കപ്പെട്ട പണം കൂടിയാണ്." -ചതുർവേദി എക്സിൽ കുറിച്ചു.
യു.എ.ഇ വേദിയാകുന്ന ടൂർണമെന്‍റിൽ സെപ്റ്റംബര്‍ 14ന് ദുബൈയിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ആറു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ നാലു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. ഇന്ത്യയും പാകിസ്താനും യോഗ്യത നേടിയാൽ സൂപ്പർ ഫോറിലും ഇരുവരും നേർക്കുനേർ വരും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. അവിടെയും ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് സാധ്യതയുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ, ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ചാമ്പ്യൻസ് പാകിസ്താനുമായി കളിക്കാൻ വിസമ്മതിച്ചിരുന്നു.