National
മൃഗക്കൊഴുപ്പ് വിവാദം ബാധിച്ചില്ല; തിരുപ്പതിയില്‍ 4 ദിവസം കൊണ്ട് വിറ്റത് 14 ലക്ഷം ലഡു
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു നിർമ്മിക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണം ആന്ധ്രപ്രദേശില്‍ കത്തി നില്‍ക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ലഡു വില്‍പ്പന കാര്യമായിത്തന്നെ നടക്കുന്നുണ്ടെന്ന് ക്ഷേത്രം അധികാരികള്‍ വിശദമാക്കുന്നു. നാല് ദിവസത്തിനിടയില്‍ 14 ലക്ഷം തിരുപ്പതി ലഡു വിറ്റുവെന്നാണ് പുറത്തുവരുന്ന കണക്ക്.
ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 19ന് 3.59 ലക്ഷവും, സെപ്റ്റംബര്‍ 20ന് 3.17 ലക്ഷവും, സെപ്റ്റംബര്‍ 21ന് 3.67 ലക്ഷവും, സെപ്റ്റംബര്‍ 22ന് 3.60 ലക്ഷവും ലഡു വിറ്റു. ഒരു ദിവസം ശരാശരി 3.50 ലക്ഷം ലഡുവാണ് വിറ്റത്. പ്രതിദിനം, മൂന്ന് ലക്ഷം ലഡുവാണ് ക്ഷേത്രത്തില്‍ തയാറാക്കുന്നത്. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇത് വന്‍തോതില്‍ വാങ്ങാറുമുണ്ട്.