
ഉത്തരേന്ത്യ ഒട്ടാകെ അതിശൈത്യം പിടിമുറുക്കിയതോടെ നഗരങ്ങള്‍ മൂടല്‍മഞ്ഞില്‍ മുങ്ങി. ഡല്‍ഹിയില്‍ 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. 400-ലേറെ വിമാനങ്ങള്‍ വൈകുകയും 45 എണ്ണം റദ്ദാക്കുകയും ചെയ്തു. 81 തീവണ്ടികള്‍ വൈകിയോടി. ഭയാനകമായ തരത്തിൽ മഞ്ഞുമൂടിയ നോയിഡയുടെയും ഗ്രേറ്റര്‍ നോയിഡയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പ്രദേശവാസികള്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നതും പ്രേതസിനിമകള്‍ക്ക് സമാനവുമാണെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തല്‍.
'ഈ മൂടല്‍മഞ്ഞിനപ്പുറം ഒരു ലോകമുണ്ട്' എന്ന കുറിപ്പോടെയാണ് പ്രദേശവാസിയായ ഒരാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മൂടല്‍മഞ്ഞ് കാരണമുള്ള അപകടങ്ങളും ഉത്തരേന്ത്യയില്‍ വർധിച്ചുവരികയാണ്. ഡല്‍ഹി -മുംബൈ എക്‌സ്പ്രസ്വേയിലെ കലിംഗര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മൂടല്‍മഞ്ഞുകാരണം ഡ്രൈവര്‍ക്ക് റോഡു കാണാന്‍ കഴിയാത്തതിനാല്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ബസിടിച്ച് ഒരാള്‍ മരണപെട്ടു. നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറാണ് മരിച്ചത്. ജയ്പുരില്‍ നിന്ന് ഡല്‍ഹിക്ക് പോകുകയായിരുന്നു ബസ്. രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിലെ കൈരോഡി രാജ്‌നോട്ട സ്വദേശി സുഭാഷ് സിങ് ഷെഖാവത് ആണ് മരിച്ചത്.