

ന്യൂഡൽഹി: വടക്കേ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും അതിശക്തമായ മൂടൽമഞ്ഞ് തുടരുന്നു. പഞ്ചാബ് മുതൽ മേഘാലയ വരെയുള്ള പത്തോളം സംസ്ഥാനങ്ങളിൽ ദൃശ്യപരത കുറഞ്ഞത് യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ദക്ഷിണ ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മൂടൽമഞ്ഞു ശക്തമായിരിക്കുന്നത്.
ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെ മൂടൽമഞ്ഞ് സാരമായി ബാധിച്ചു. ദൃശ്യപരത കുറഞ്ഞതോടെ പല വിമാനങ്ങളും മണിക്കൂറുകളോളം വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് സർവീസ് സമയം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചു. യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംഘങ്ങളെ വിന്യസിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കും തിരിച്ചുമുള്ള നിരവധി ദീർഘദൂര ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ദേശീയ പാതകളിൽ ഉൾപ്പെടെ ദൃശ്യപരത കുറഞ്ഞത് വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
അവധിക്കാലമായതിനാൽ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഈ സാഹചര്യം തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളങ്ങളിൽ എത്തണമെന്നും വിവരങ്ങൾ നിരന്തരം പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.