നോയിഡ: അമിതവേഗതയിലെത്തിയ ആഡംബര കാർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കൗമാരക്കാരി മരിച്ചു. ഡൽഹി സ്വദേശിയായ ഫലക് അഹമ്മദ് (19) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
നോയിഡയിലെ അതിവേഗ പാതയിൽ വെച്ചായിരുന്നു അപകടം. കൗമാരക്കാർ സഞ്ചരിച്ചിരുന്ന ജാഗ്വാർ കാർ മുന്നിലുണ്ടായിരുന്ന ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.
അൻഷ് (19), ആയുഷ് ഭാട്ടി (17), നീൽ പൻവാർ (18) പരിക്കേറ്റ മൂവരെയും നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഫലക് അഹമ്മദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ആരാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമാകാൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു.