ദിസ്പുർ: ബംഗ്ലാദേശിലെ നിലവിലെ അശാന്തി ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇനി നയതന്ത്ര ചർച്ചകൾ കൊണ്ട് ഫലമില്ലെന്നും ഒരു 'സർജറി' അനിവാര്യമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സിലിഗുരി ഇടനാഴിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(No time for diplomatic talks, Himanta Biswa Sarma on Bangladesh crisis)
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കൻ നെക്ക്' എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴിയാണ് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് ശർമ്മ ചൂണ്ടിക്കാട്ടി. "മരുന്ന് പ്രവർത്തിക്കാതിരിക്കുമ്പോൾ ശസ്ത്രക്രിയ അത്യാവശ്യമാണ്. ഈ മേഖലയുടെ സുരക്ഷയ്ക്കായി നയതന്ത്രത്തിലൂടെയോ ബലം പ്രയോഗിച്ചോ 20-22 കിലോമീറ്റർ ഭൂമി ഇന്ത്യക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം." - ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
1971-ലെ യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എടുത്ത തീരുമാനങ്ങളെ ശർമ്മ രൂക്ഷമായി വിമർശിച്ചു. സിലിഗുരി ഇടനാഴി പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കാൻ അന്ന് ഭൂമി ആവശ്യപ്പെടാമായിരുന്നുവെന്നും അത് ചെയ്യാത്തത് രാജ്യത്തിന് ഇന്നും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. വിഭജന കാലത്തെ കോൺഗ്രസ് നയങ്ങളാണ് ഇന്നത്തെ ജനസംഖ്യാപരവും സുരക്ഷാപരവുമായ വെല്ലുവിളികൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസമിലെ ജനസംഖ്യാ മാറ്റത്തെക്കുറിച്ചും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സ്വാതന്ത്ര്യസമയത്ത് 10-15% മാത്രമായിരുന്ന ബംഗ്ലാദേശി വംശജർ ഇപ്പോൾ അസമിൽ 40 ശതമാനമായി വർദ്ധിച്ചു. 2027-ലെ സെൻസസ് ആകുമ്പോഴേക്കും അസമിലെ ഹിന്ദു-മുസ്ലിം ജനസംഖ്യ തുല്യമായേക്കാമെന്നും ഇത് ഭരണനിർവ്വഹണം സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാരിന് അധികകാലം നിലനിൽപ്പില്ലെന്ന് ശർമ്മ അഭിപ്രായപ്പെട്ടു. ഷെയ്ഖ് ഹസീനയ്ക്ക് ശേഷമുള്ള ബംഗ്ലാദേശ് തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിർത്തി സംസ്ഥാനമെന്ന നിലയിൽ അസം നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ നേരിടാൻ കർശനമായ തീരുമാനങ്ങൾ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.