ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് പിന്നിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദത്തെ ഇന്ത്യ ശക്തമായി തള്ളി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.(No third party intervention, India rejects China's mediation claim in India-Pakistan conflict)
ആഗോളതലത്തിലെ വിവിധ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചതിന്റെ കൂട്ടത്തിൽ ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാനും തങ്ങൾ ഇടപെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിലെയും പാകിസ്താനിലെയും ഡിജിഎംഒമാർ നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമായാണ് വെടിനിർത്തൽ ഉണ്ടായതെന്ന് ഇന്ത്യ ആവർത്തിച്ചു. ഇതിൽ ചൈനയ്‌ക്കോ മറ്റ് രാജ്യങ്ങൾക്കോ യാതൊരു പങ്കുമില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഇന്ത്യ-പാക് വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചെന്ന് മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അവകാശപ്പെട്ടിരുന്നു. എന്നാൽ, പാകിസ്താനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കൂ എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയം മുൻനിർത്തി ഇത്തരം അവകാശവാദങ്ങളെല്ലാം ഇന്ത്യ അപ്പപ്പോൾ തന്നെ തള്ളിക്കളയാറുണ്ട്.