
പനാജി: സ്ത്രീകൾക്കെതിരായ മോശം ഭാഷക്ക് കോടതികളിൽ സ്ഥാനമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. സംവേദനക്ഷമതയില്ലാത്ത വാക്കുകൾ സ്റ്റീരിയോടൈപ്പുകൾ സൃഷ്ടിക്കുകയും അത് സ്ത്രീകളേയും കുട്ടികളേയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരേയും ബാധിക്കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നോർത്ത് ഗോവ ഡിസ്ട്രിക് കോർട്ട് കോംപ്ലെക്സിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീതിയിലേക്കുള്ള പാതയിലുള്ള എല്ലാ തടസ്സങ്ങളും നീക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നമ്മുടെ കോടതിമുറികളിൽ നമ്മൾ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ ധാർമ്മികതയെ പ്രതിഫലിപ്പിക്കണം. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ നാം ജാഗ്രത പുലർത്തണം. നമ്മുടെ ഭാഷ കൃത്യമാവണമെന്ന് മാത്രമല്ല, മാന്യവുമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.