ക്രിക്കറ്റിൽ പാകിസ്ഥാനുമായി സഹകരണം വേണ്ടാ. . . എല്ലാം അവസാനിപ്പിക്കണം; സൗരവ് ഗാംഗുലി | Pahalgam terror attack

പാക്കിസ്ഥാൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം
Sourav Ganguly
Published on

കൊൽക്കത്ത: പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള സമയമായെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‍ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. ‘‘പാക്കിസ്ഥാൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ നടക്കുന്നതു ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല.’’– സൗരവ് ഗാംഗുലി വാർത്താ ഏജൻ‌സിയോടു പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് 2008 നുശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. 2013 ലായിരുന്നു ഇന്ത്യ– പാക്ക് പരമ്പര നടന്നത്. പാക്കിസ്ഥാൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടത്തിയത്. ബിസിസിഐയുടെ കടുംപിടിത്തത്തെ തുടർന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയുടെ കളികൾ ദുബായിൽ നടത്താൻ സമ്മതിച്ചത്.

അതേസമയം, ഇന്ത്യയിലേക്ക് ഇനി കളിക്കാൻ പോകില്ലെന്ന നിബന്ധന പാക്കിസ്ഥാൻ ഐസിസിക്കു മുന്നിൽ വച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന വനിതാ ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദിയിൽ നടത്തേണ്ടിവരും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായുള്ള പരമ്പരകൾ ഉണ്ടാകില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലുമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com