
തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല.'ബാക്ക്ബെഞ്ചർമാർ' എന്ന അപമാനം ഇല്ലാതാക്കാനും വിദ്യാർഥികൾക്കിടയിൽ തുല്യത പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇരിപ്പിട ക്രമീകരണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ ഈ ആശയത്തിന് പ്രചോദനമായത് നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന മലയാള സിനിമയാണ്.
തമിഴ് നാട് സർക്കാറിന്റെ തീരുമാനം വിചാരിക്കാത്ത മധുരമാണെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിൽ ഒരാളും അഭിനേതാവുമായ ആനന്ദ് മന്മദന്‍ പറഞ്ഞു. "സിനിമ ചെയ്യുമ്പോൾ നല്ല സിനിമ ആകണം എന്നുമാത്രമേ വിചാരിച്ചിരുന്നുള്ളൂ. തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറിറക്കിയത് ശരിക്കും ഞെട്ടലായിരുന്നു. 'സി' ആകൃതിയിലുള്ള ക്ലാസ് മുറികൾ പഞ്ചാബിലടക്കമുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നു എന്നറിയുന്നതും സന്തോഷമാണ്. ബാക് ബെഞ്ചിൽ തഴയപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയുടെ ചിന്തയായിരുന്നു മനസിൽ കണ്ടത്. ബാക് ബെഞ്ചേഴ്‌സിനോടുള്ള അധ്യാപകരുടെ അവഗണന പൊളിച്ചെഴുതാനാണ് ഞങ്ങൾ ശ്രമിച്ചത്. സിനിമ ഏറ്റെടുത്തതിലും ആൾക്കാരെ സ്വാധീനിച്ചതിലും വളരെ സന്തോഷമുണ്ട്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. നല്ല കാര്യങ്ങൾ മാത്രം ഏറ്റെടുക്കണം. അങ്ങനെ കാഴ്ചക്കാർ മാറേണ്ടിയിരിക്കുന്നു. പോസറ്റീവായ രീതിയില്‍ ഞങ്ങളുടെ സിനിമ സ്വീകരിക്കപ്പെട്ടതിൽ സന്തോഷം." ; ആനന്ദ് പറഞ്ഞു.
"ഞങ്ങളുടേത് ചെറിയൊരു സിനിമയായിരുന്നു. തിയേറ്ററിൽ വിജയിക്കാത്തതിൽ വിഷമമുണ്ട്. എന്നാൽ ഈ സിനിമ എത്തേണ്ടിടത്ത് എത്തുമെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. എവിടെയെങ്കിലും എപ്പോഴെങ്കിലും സംസാരിക്കപ്പെടുമെന്നും അറിയാമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന സമയത്തും ഈ ചെറിയ സിനിമ വലിയ വിജയമായി മാറുകയാണ്." ; ആനന്ദ് മന്മദന്‍ പറഞ്ഞു.