ന്യൂഡൽഹി: ടാക്സി ആപ്പുകളിലെ അഡ്വാൻസ് ടിപ്പിംഗ് ഫീച്ചറിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ടിപ്പ് നൽകുന്ന രീതി ഇനി മുതൽ പാടില്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർദ്ദേശിച്ചു. 2025-ലെ മോട്ടോർ വെഹിക്കിൾസ് അഗ്രഗേറ്റേഴ്‌സ് മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ പരിഷ്കാരം വരുത്തിയത്.(No more 'advance tip' in online taxis, Centre's instructions)
ഡ്രൈവർക്ക് ടിപ്പ് നൽകാനുള്ള സൗകര്യം ആപ്പുകളിൽ തുടരാം. എന്നാൽ ഇത് യാത്ര പൂർത്തിയായതിന് ശേഷം മാത്രമേ യാത്രക്കാരന് മുന്നിൽ ദൃശ്യമാകാവൂ. ബുക്കിംഗ് സമയത്ത് ഇത് ലഭ്യമാക്കരുത്. സ്ത്രീ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, അവർക്ക് വേണമെങ്കിൽ വനിതാ ഡ്രൈവർമാരെ മാത്രം തിരഞ്ഞെടുക്കാനുള്ള പ്രത്യേക ഫീച്ചർ ആപ്പുകളിൽ നിർബന്ധമാക്കി. കൂടുതൽ പണം നൽകാൻ തയ്യാറാകുന്നവർക്ക് മാത്രം വേഗത്തിൽ ടാക്സി ലഭിക്കുന്ന സാഹചര്യം 'അന്യായമായ വ്യാപാര രീതി'യാണെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.